COVID-19

WHO warns against pursuing herd immunity to stop coronavirus

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്നും കൊവിഡ് ബാധിക്കുമ്പോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് പറഞ്ഞു. കൊവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷന്റെ സങ്കല്‍പമാണ് ആര്‍ജിത പ്രതിരോധം. വാക്സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇത് കൈവരിക്കാന്‍ സാധിക്കൂ. ആര്‍ജിത പ്രതിരോധശേഷി നേടുന്നതാണ് കൊറോണവൈറസിനെ തുടച്ചു നീക്കാനുള്ള പ്രായോഗിക ഉപായമെന്ന നിര്‍ദ്ദേശം അംഗീകരിക്കാവുന്നതല്ലെന്നും ലോകോരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
അതേസമയം പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും ഗെബ്രിയോസസ് വ്യക്തമാക്കി. അപകടകരമായ വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും ശരിയായ പ്രതിരോധ മാര്‍ഗവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിദിനരോഗികളുടെ എണ്ണത്തില്‍, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കഴിഞ്ഞ നാല് ദിവസങ്ങളായി വര്‍ധനവുള്ളതായും തെദ്രോസ് അദനോം സൂചിപ്പിച്ചു. ലോകജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് കൊറോണവൈറസിനെതിരെ പ്രതിരോധശേഷിയില്ലെന്നും അവശേഷിക്കുന്നവരില്‍ ഭൂരിഭാഗവും രോഗം പിടിപെടാന്‍ സാധ്യതയുള്ളവരാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

അതേസമയം, അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് 19 പ്രതിരോധ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വാക്സിന്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ നാലു കോവിഡ് പ്രതിരോധ വാക്സിനുകളുടെ ട്രയലുകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. 2021 ജൂലൈ ഓടെ വാക്സിന്‍ ലഭ്യമാകുമെന്നു മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ആര്‍ക്കാണ് ആദ്യം വാക്സിന്‍ ലഭ്യമാക്കേണ്ടത് എന്നുതുടങ്ങി രാജ്യത്ത് വാക്സിന്‍ വിതരണം നടത്തുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ ജനസംഖ്യാ ബാഹുല്യം കണക്കിലെടുത്ത് ഒരു വാക്സിന് മാത്രമായോ ഒരു വാക്സിന്‍ ഉല്പാദകര്‍ക്ക് മാത്രമായോ ഇന്ത്യയുടെ ആവശ്യം നിറവേറ്റാനാവില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ലഭ്യതയുടെ അടിസ്ഥാനത്തില്‍ നിരവധി കോവിഡ് 19 വാക്സിനുകള്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനുള്ള സാധ്യത വിലയിരുത്താന്‍ സന്നദ്ധരാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെ രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നത് നേരീയ ആശ്വാസം ഏകുന്നതാണ്. 55,432 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71,75,880 ആയി. 706 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ട് ഉണ്ട്. ഇത് വരെ 1,09,876 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ 8,38,729 പേര്‍ ചികിത്സയില്‍ ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ രാജ്യത്ത് 10,73,014 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ രോഗമുക്തി നിരക്ക് 86.36 ശതമാനമാണ്.